ഇത് ഒരു പുതിയ സമരത്തിന് തുടക്കം ; സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കേന്ദ്രം വികലമാക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

 

ന്യൂഡൽഹി : ന്യൂഡല്‍ഹി ജന്തർമന്ദറില്‍ കേന്ദ്ര അവഗണനയ്ക്കെതിരായ കേരളത്തിന്‍റെ പ്രതിഷേധ ധർണയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച്‌ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ ആകെ വരുമാനത്തില്‍ സംസ്ഥാനത്തിനുള്ള ഓഹരി തുടർച്ചയായി പരിമിതപ്പെടുത്തുകയാണ്. ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളുടെ നിർദേശങ്ങള്‍ അവ‍യില്‍ ഉള്‍പ്പെടുത്താറില്ല.

ഓരോ ധനകമ്മീഷനും കഴിയുമ്ബോള്‍ കേരളത്തിലെ നികുതി കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ പല മേഖലകളില്‍ കേരളം കൈവരിക്കുന്ന വലിയ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പലപ്പോഴും ഇത്തരം കുറവുവരുത്തലിനെ ന്യായീകരിക്കുന്നത്. ആ നേട്ടങ്ങള്‍ സംസ്ഥാനത്തിനു തന്നെ ശിക്ഷായി മാറുന്നു. ഇത് ലോകത്തില്‍ മറ്റൊരിടത്തും കാണാനാവാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം വൈകിക്കുന്നു. ഓരോതവണയും കേരളത്തിന്‍റെ വായ്പാ പരിധി കുത്തനെ കുറയ്ക്കുന്നു. ഇടക്കാല ബജറ്റ് കേരളത്തെ കൂടുതല്‍ ഞെരുക്കി. കേരളത്തോട് വിവേചനം കാണിച്ചു. എയിംസ്, കെ റെയില്‍, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. ഫെഡറലിസം സംരക്ഷിക്കുക എന്ന ബാനർ ഉയർത്തി നടന്ന മാർച്ചില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടത് മന്ത്രിമാരും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും ഡല്‍ഹിയിലുള്ള പാർട്ടി പ്രവർത്തകരും പങ്കെടുത്തു.