ചണ്ഡിഗഡ്: കാറിന് തീപിടിച്ച് ചണ്ഡിഗഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും രണ്ട് മക്കളും മരിച്ചു. സന്ദീപ് കുമാറും (37) മക്കളായ അമാനത്തും പ്രാപ്‌തിയുമാണ് മരിച്ചത്. ഷഹാബാദിന് സമീപം ചണ്ഡിഗഡ് – അംബാല ഹൈവേയിലാണ് അപകടമുണ്ടായത്.
ചണ്ഡിഗഡ് സർവകലാശാലയിലെ സിവിൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറാണ് സന്ദീപ്. സ്വന്തം നാടായ സോനെപട്ടിൽ നിന്ന് ഭാര്യ, മക്കൾ അമ്മ, സഹോദരൻ, സഹോദരന്‍റെ ഭാര്യ, മകൻ എന്നിവരോടൊപ്പം ചണ്ഡിഗഡിലേക്ക് മടങ്ങുകയായിരുന്നു. പ്രൊഫസർ ഓടിച്ച കാറിന്‍റെ ഡിക്കിയിലാണ് ആദ്യം തീ കണ്ടത്.
പിന്നാലെ വാഹനത്തിലാകെ പുക നിറഞ്ഞു. കാറിന്‍റെ ഡോറുകൾ ലോക്കായതോടെ കുടുംബം അകത്ത് കുടുങ്ങി. മറ്റൊരു കാറിലായിരുന്ന സഹോദരനും കുടുംബവുമെത്തി ഡോർ തുറന്നെങ്കിലും രക്ഷിക്കാനായില്ല. ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് പ്രൊഫസറുടെയും മക്കളുടെയും മരണം സംഭവിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ സന്ദീപിന്‍റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രൊഫസറുടെയും മക്കളുടെയും മരണം ചണ്ഡിഗഡ് സർവകലാശാലയെയും സെക്ടർ 26ലെ സേക്രഡ് ഹാർട്ട് സ്കൂളിനെയും ദുഃഖത്തിലാഴ്ത്തി. സർവകലാശാലയിൽ മൌനം ആചരിച്ചു. സന്ദീപ് കഠിനാധ്വാനിയും കുട്ടികൾക്ക് ഏറെ പ്രിയങ്കരനുമായ അധ്യാപകനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
സന്ദീപ് ഒമ്പത് വർഷത്തിലേറെയായി സർവകലാശാലയിൽ ജോലി ചെയ്യുന്നു. പഠന, പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കുട്ടികൾ പഠിക്കുന്ന സേക്രഡ് ഹാർട്ട് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.
https://twitter.com/intent/tweet?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1853104011836330092%7Ctwgr%5E1e418f424c87cfaf131cb5a99966b76778f7cca3%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FChandigarh_uni%2Fstatus%2F1853104011836330092%3Fref_src%3Dtwsrc5Etfw&in_reply_to=1853104011836330092
