പേരാമ്പ്രയെ നടുക്കിയ അപകടം; ദുരൂഹതകള്‍ ബാക്കിയാക്കി സോനയ്ക്ക് പിന്നാലെ രാജിനും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിനെ നടുക്കിയ അപകടത്തില്‍ സോനയ്ക്ക് പിന്നാലെ രജിൻലാലും മരണത്തിന് കീഴടങ്ങിയതോടെ ദുരൂഹതകള്‍ ബാക്കിയാവുന്നു.

പേരാമ്പ്രയില്‍ ഗർഭിണി കാർ കത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. രജിൻലാലാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രജിൻലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണത്തില്‍ ദുരൂഹത തുടരുകയാണ്.

 

 

 

പെട്രോളൊഴിച്ച്‌ തീകൊളുത്തിയതില്‍ ഭർത്താവ് രജിൻലാലിനു പങ്കില്ലെന്നാണ് പൊലീസ് നിഗമനം. പേരാമ്പ്രയിലെ പെട്രോള്‍ പമ്പില്‍നിന്ന് കാനില്‍ സോന പെട്രോള്‍ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇത് ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്. കാൻ പാടെ കത്തിപ്പോയെങ്കിലും ഇതിന്റെ മൂടി കാറില്‍നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

 

 

കാര്‍ ഓടിക്കുന്നതിനിടെ പെട്രോള്‍ ഗന്ധം വന്നു, തീ പടര്‍ന്നെന്നാണ് ഭര്‍ത്താവ് രജിൻ ലാലിന്റെ മൊഴി. എന്നാല്‍ ഇതെല്ലാം പാടെ തള്ളുകയാണ് സോനയുടെ കുടുംബം. രജിൻലാലിന്റെ വീട്ടിലേക്ക് പോകാനും, സോനയെ കാണുന്നതിനും തങ്ങള്‍ക്ക് വിലക്കുള്ളതായും, പല ദിവസങ്ങളിലും സോന തന്നെ വിളിച്ചു കരഞ്ഞിടട്ടുണ്ടെന്നും സഹോദരൻ സോനുവും പറയുന്നു.

 

 

 

മെയ് 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ അപകടമുണ്ടായത്. രജിൻലാലും ഭാര്യ സോനയും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഗർഭിണിയായിരുന്ന സോന കാറിനുള്ളില്‍ തന്നെ വെന്തുമരിക്കുകയായിരുന്നു. തീപടർന്ന ഉടൻ പുറത്തിറങ്ങിയ രജിലാല്‍ സമീപത്തെ തോട്ടിലിറങ്ങിയാണ് തീയണച്ചത്.