കൊച്ചി: ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ എറണാകുളം സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ച് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ഹൈദരാബാദ് സ്വദേശികളെ കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസണ്‍ രാജു (34) എന്നിവരാണ് പിടിയിലായത്. ഒരു വ്യക്തിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമാകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന തുകയാണിത്.
‘Capitallx.com’ എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. സൈപ്രസ് ആസ്ഥാനമായുള്ള ‘ക്യാപിറ്റലിക്സ്’ എന്ന പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ ട്രേഡിങ്ങ് നടത്തി ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് വ്യവസായിയെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചത്.
തട്ടിയെടുത്ത 25 കോടിയില്‍ 16 കോടി രൂപയും ഇപ്പോള്‍ പിടിയിലായ പ്രതികളുടെ കൈവശമാണ് എത്തിയത്. ഈ വെബ്സൈറ്റിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ കേസുകളുണ്ട്.
അറസ്റ്റിലായ സത്യനാരായണമൂർത്തി ഹൈദരാബാദില്‍ ഐടി, കണ്‍സ്ട്രക്ഷൻ കമ്പനികളുടെ ഉടമയാണ്. 300 വില്ലകള്‍ ഉള്‍പ്പെടുന്ന ‘എയ്റോ വില്ലാസ്’ എന്ന വലിയ പദ്ധതിയും ഇയാള്‍ നടത്തിവരികയായിരുന്നു. സാധാരണ ഐടി ജീവനക്കാരനായിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനായത് ഇത്തരം സൈബർ തട്ടിപ്പുകളിലൂടെയാണെന്ന് പോലീസ് കണ്ടെത്തി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം ഹൈദരാബാദിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ നേരത്തെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ രാജ്യാന്തര ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
