കൊച്ചി : എരുവേലിയില്‍ പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 25നാണ് സംഭവം നടന്നത്. ഭാര്യ ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ഷൈജു പറഞ്ഞത്.
ഷൈജുവാണ് ശാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ഷാള്‍ മുറിച്ചാണ് ശാരിയെ താഴെയിറക്കിയതെന്നും പറഞ്ഞു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഭാര്യയെ സംശയത്തിന്റെ പേരില്‍ ഷൈജു കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 25 ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് അവശനിലയിലായ ശാരിയുടെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി . മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേര്‍ത്ത് അമര്‍ത്തി.
ശാരി ജീവനൊടുക്കിയതാണെന്ന് വരുത്തിത്തീര്‍ക്കാൻ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോഴാണ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചത്.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവ സ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ, ഇൻസ്പെക്ടര്‍മാരായ കെ പി ജയപ്രസാദ്, കെ ജി ഗോപകുമാര്‍, ഡി എസ് ഇന്ദ്ര രാജ്, വി രാജേഷ് കുമാര്‍, എ എസ് ഐ ബിജു ജോണ്‍, സി പി ഒ രൂപഷ്തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.
