കൊല്ലം: ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം പലഭാഗത്തു നിന്നായി രൂക്ഷ വിമർശനങ്ങൾ മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ചു. എന്നാലും, അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
സിപിഎമ്മിൽ തന്നെ മുഖ്യമന്ത്രിക്ക് എതിരെ വിമർശനങ്ങളുടെ ശരങ്ങൾ തൊടുത്തുവിട്ടപ്പോൾ തടയിട്ട് നിന്നത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ആയിരുന്നോ എന്നതാണ് ഇപ്പോഴുള്ള സംശയം.
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ജില്ല കമ്മിറ്റി യോഗം കൂടിയപ്പോൾ മുഖ്യനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ അതിശക്തമായി തന്നെ വിമർശനങ്ങൾ വന്നിരുന്നു. യോഗം പരിധി വിടുമെന്നായപ്പോൾ ഇവിടെ മുഖ്യമന്ത്രിയുടെ മുഖം രക്ഷിച്ചത് എം എ ബേബിയാണ്.
‘ഏറ്റവും മെച്ചപ്പെട്ട ചർച്ച’ എന്ന വിശേഷത്തോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി പ്രസംഗം ആരംഭിച്ചത്. അടിമുതല്‍ മുടിവരെ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബേബി പറഞ്ഞു. ചർച്ച നിയന്ത്രിച്ചപ്പോഴും പിണറായി വിജയനെതിരെയുള്ള വിമർശനങ്ങൾ എല്ലാംതന്നെ അംഗീകരിക്കുകയായിരുന്നു.
പാർട്ടിക്കുള്ളില്‍ ഇത്തരം ചർച്ചകള്‍ അനിവാര്യമാണെന്നും പറയാതെ പറയുകയാണ് ബേബി. അതിനിടെ ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിക്കു രഹസ്യ അജൻഡ ഉണ്ടായിരുന്നെന്നും ആരോപണം ഉയർന്നു.
എല്ലാ അർത്ഥത്തിലും ബേബിയെ മുന്നിലിരുത്തി പിണറായിയെ കടന്നാക്രമിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം കൊല്ലത്ത് ചെയ്തത്.
മൈക്ക് ഓപ്പറേറ്ററോടു മാത്രമല്ല, ചടങ്ങിന്റെ അവതാരകയോടുപോലും മുഖ്യമന്ത്രി തട്ടിക്കയറുന്നു. ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ്.
ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെപ്പോലെ കഴിവുള്ള മന്ത്രിമാരാരും ഇപ്പോഴത്തെ സർക്കാരില്‍ ഇല്ല. മുഖ്യമന്ത്രി മാത്രം തുടർന്നപ്പോള്‍ ധനവകുപ്പില്‍ ടി.എം.തോമസ് ഐസക്കിനെയെങ്കിലും നിലനിർത്തണമായിരുന്നു.
ആർ.ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധുനിയമനമായിരുന്നുവെന്നും വിശദീകരണമെത്തി. സാധാരണ യോഗത്തിലെ പ്രധാന നേതാവ് ഇത്തരം പരാമാർശത്തെ തള്ളി പറയുകയാണ് പതിവ്. എന്നാല്‍ ബേബി അതിന് മുതിർന്നില്ല.
രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്. ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയില്‍ ആരുമില്ലേയെന്നു ചോദിച്ച അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ലെന്നും തുറന്നടിച്ചു.
പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തുവെന്ന വിമർശനവുമുണ്ടായി. ‘മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരില്‍നിന്നാണ്.
തുടർഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായെന്ന അതിരൂക്ഷ വിമർശനമാണ് കൊല്ലത്ത് ഉയർന്നത്. ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ ബേബിയും തയ്യാറായില്ല.
ലോക്‌നാഥ് ബെഹ്‌റയെപ്പോലുള്ള ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, ഇ.പി.ജയരാജൻ തുടങ്ങിയവർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു.
കണ്ണൂർ ലോബിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമാണ് കൊല്ലത്തുയർന്നത്. ഈ ചർച്ചകളിലെ വികാരം ബേബി സിപിഎം പോളിറ്റ് ബ്യൂറോയില്‍ അടക്കം ഉയർത്താൻ സാധ്യതയുണ്ട്. സിപിഎമ്മില്‍ തിരുത്തലിന്റെ ഭാഗമായി നേതൃമാറ്റം അനിവാര്യമാണെന്ന ചിന്തയാണ് കൊല്ലത്തുള്ളതെന്ന് വ്യക്തം.
എന്നാല്‍ ആരാകണം ആ പകരക്കാരൻ എന്ന് കൊല്ലം ജില്ലാക്കാർ പറയുന്നുമില്ല. സിപിഎം സംസ്ഥാന സമിതിയില്‍ കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന പരാമര്ശം പി ജയരാജന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
ബാക്കി ജില്ലകളില്‍ തിരുത്തലാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കൊല്ലത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും നിർദ്ദേശമെത്തി. ഇവിടെ യോഗത്തെ നിയന്ത്രിച്ചത് എംഎ ബേബിയാണ്.
