പറഞ്ഞത് കരിപ്പൂരിലെ സ്വര്‍ണക്കടത്തിന്‍റെ കണക്ക്; ‘ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല’; വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച്‌ പിണറായി

കോഴിക്കോട്: ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ താൻ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല.

എന്നാല്‍, ചില കാര്യങ്ങളില്‍ വിയോജിപ്പ് പറയാറുണ്ട്.
വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്നാണ്. അത് വസ്തുതയാണ്.
കൂടുതല്‍ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്.

അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു. എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജില്‍ എകെജി ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സയണിസ്റ്റുകളുടെ കൂടെ ആണ് ആർഎസ്‌എസും ബിജെപിയുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.രാജ്യത്തിന്‍റെ പഴയ നിലപാടില്‍ വെള്ളം ചേർത്തു. ഇത് അമേരിക്കയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

ഞങ്ങള്‍ ഇത് പറയുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കല്‍ അല്ല അത്. സിയോണിസ്റ്റുകളുടെ ഇരട്ട സഹോദരൻമാർ ആണ് ആര്‍എസ്‌എസും പിണറായി വിജയൻ ആരോപിച്ചു.