ഫിലിപ്പീന്‍സ് ഭൂചലനം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, മരണ സംഖ്യ 19 ആയി, 134 പേർക്ക് പരിക്ക്

വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

കൃത്യമായി പരിക്കേറ്റവരുടെ എണ്ണം ദേശീയ ദുരന്തനിവാരണ കൗണ്‍സില്‍ സംഭവം നടന്ന ഒരു ദിവസത്തിന് ശേഷമേ പുറത്തുവിടുകയുള്ളു. പൊലീസ്, പ്രാദേശിക ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവ നല്‍കുന്ന കണക്കുകള്‍ കണക്കാക്കി മാത്രമേ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടുകയുള്ളു. ഭൂചലനത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ഉണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായ ഒരു ഡസന്‍ വിദ്യാര്‍ത്ഥികള്‍ തറയില്‍ കുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ ഭൂചലനം ഉണ്ടായതിന് പിന്നാലെ തുടരെ തുടരെ 1.3 മുതല്‍ 6.7 തീവ്രത രേഖപ്പെടുത്തിയ 130 തുടര്‍ചലനങ്ങളുണ്ടായതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഫിലിപ്പീന്‍സില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.