കുട്ടിക്കാനം പീരുമേട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; പ്രദേശവാസികൾ ഭീതിയിൽ; ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി

പീരുമേട്: ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. ഇന്നലെ രാവിലെ ഏഴുമണിയോടെ പീരുമേട് കുട്ടിക്കാനം റോഡില്‍ ഗസ്റ്റ് ഹൗസ്ഭാഗത്താണ് ആനയെ കണ്ടത്.

രാവിലെ പൊലീസ് ക്യാമ്ബിന്റെ ഭാഗത്തേക്ക് കാട്ടാന നടന്നു പോകുന്നത് നാട്ടുകാരാണ് കണ്ടത്. ഉടൻ തന്നെ പീരുമേട് ആർ.ആർ.ടി ടീമിനെ വിവരം അറിയിച്ചു. ആർ.ആർ.ടി ടീം എത്തിയപ്പോഴേക്കും ആന വനത്തിലേക്ക് കയറിപ്പോയി.

മുറിഞ്ഞപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കാണാൻ കഴിഞ്ഞില്ല.

പീരുമേട് കച്ചേരികുന്ന്, ട്രഷറി ഭാഗം, ഗസ്റ്റ് ഹൗസ് ഭാഗം, മരിയഗിരി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരു ആന കറങ്ങി നടക്കുന്നുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ആകെ ഭീതിയിലാണ്. രണ്ടാഴ്ചയായി ഈ പ്രദേശത്ത് ഒരു കാട്ടാന ജനങ്ങളില്‍ ഭീതി പരത്തുകയാണ്. പെരുവന്താനം മതമ്ബയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തെ തുടർന്ന് ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്.