പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു; അലീന മരിച്ചത് ഇന്ന് പുലര്‍ച്ചെയോടെ

തൃശ്ശൂർ: പീച്ചി ഡാം റിസർവോയറില്‍ വീണ നാല് വിദ്യാർത്ഥിനികളില്‍ ഒരാള്‍ മരിച്ചു.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്.
ചികിത്സയില്‍ കഴിയുന്ന മൂന്നുപേരില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.

തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. സഹോദരി: ക്രിസ്റ്റീന.

ഞായറാഴ്ച വൈകിട്ട് മൂന്നോടെ തെക്കേക്കുളം ഭാഗത്താണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആൻ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജൻ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിൻ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.