പത്തനംതിട്ടയിൽ മരംമുറിക്കാനെത്തിയയാളുടെ പേഴ്‌സും ഫോണും മോഷ്ടിച്ചു; യുവാവിനെ കൈയോടെ പൊക്കി പൊലീസ്

പത്തനംതിട്ട: മരം മുറിക്കാൻ എത്തിയ ആളുടെ പണമടങ്ങിയ പഴ്സും മൊബൈല്‍ ഫോണും മോഷ്ടിച്ച പ്രതിയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.

മുൻപ് മോഷണക്കേസില്‍ പ്രതിയായിട്ടുള്ള മലയാലപ്പുഴ താഴം പുത്തൻ വീട്ടില്‍ മോഹൻലാല്‍ (39) ആണ് പിടിയിലായത്.
14ന് രാവിലെ കലാവേദി പാറയില്‍ ഷാജന്റെ വീട്ടില്‍ മരം മുറിക്കാൻ എത്തിയ മെഴുവേലി മൂക്കട മഞ്ഞത്തറയില്‍ അമ്മു വിലാസം വീട്ടില്‍ രാജേഷ് രാജന്റെ പണവും മൊബൈല്‍ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്.

ജോലിക്ക് തയാറാവാൻ വസ്ത്രങ്ങള്‍ മാറി ഒപ്പം പഴ്സും ഫോണും മതില്‍ക്കെട്ടിനു മുകളില്‍ സൂക്ഷിച്ചുവച്ചു. പണി കഴിഞ്ഞെത്തിയപ്പോള്‍ 1010 രൂപയും പഴ്സും ഫോണും നഷ്ടമായിരുന്നു.

കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫോണ്‍ പിന്നീട് പൊലീസ് കണ്ടെടുത്തു.