കോട്ടയം: പ്രതീക്ഷയോടെ പുഞ്ചക്കൃഷിയിറക്കിയ നെൽക്കർഷകരെ ഇത്തവണയും മില്ലുടമകൾ പറ്റിച്ചു.
സ്വകാര്യ മില്ലുടമകളുടെ അനാവശ്യ കിഴിവിനും നിയമങ്ങൾക്കും പാഡി ഉദ്യോഗസ്ഥരും കൂട്ടുനിന്നതോടെ ചെറുകിട നെൽക്കർഷകരുടെ നെല്ല് പാടത്തുതന്നെ.
വലിയ തുക കുടിശികയുള്ളതിനാൽ മില്ലുകൾ നെല്ലെടുക്കാൻ തയാറാകുന്നില്ല.
ഏക്കർ കണക്കിന് പാടമുള്ള കർഷകരുടെ നെല്ല് മാത്രമാണ് ശേഖരിക്കുന്നത്. സാധാരണക്കാരുടെയും ഇടത്തരം പാടശേഖരസമിതിക്കാരുടെയും നെല്ല് പാടങ്ങളിൽ കുന്നുകൂടി കിടക്കുകയാണ്.
വേനൽ മഴ ആരംഭിച്ചതോടെ കർഷകരുടെ നെഞ്ചിൽ ആധിയാണ്. അപ്പർകുട്ടനാട് പ്രദേശത്ത് 75 ശതമാനം കൊയ്ത്തു മാത്രമാണ് പൂർത്തിയായത്. ബാക്കിയുള്ള പ്രദേശത്ത് ഇപ്പോഴും കൊയ്ത്ത് നടക്കുകയാണ്. കൊയ്തു കൂട്ടിയ നെല്ലെടുക്കാൻ മില്ലുടമകൾ വിസമ്മതിക്കുന്നതാണ് സംഭരണം അവതാളത്തിലാകാനുള്ള പ്രധാന കാരണം.
നെല്ലിന് ആനുപാതികമായി നൽകേണ്ട അരി സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും പലയിടത്തും തുടരുകയാണ്. ഒരു ക്വിന്റൽ നെല്ല് സംസ്കരിച്ചാൽ 68 കിലോഗ്രാം നെല്ല് കിട്ടണമെന്നാണ് കേന്ദ്രസർക്കാർ നയം. എന്നാൽ കാലാവസ്ഥ പ്രത്യേകതയിൽ 64.5 കിലോഗ്രാമേ കിട്ടൂവെന്നാണ് മില്ലുടമകൾ പറയുന്നത്.
3.5 കിലോഗ്രാം കുറവുണ്ടാകും. ഈ കുറവ് പരിഹരിക്കാനുള്ള തുക സർക്കാർ വഹിക്കണം. ഈ തുക കുടിശിക വരുന്നതിനാൽ മില്ലുകൾ സർക്കാരുമായി തർക്കത്തിലാണ്.
