ബേപ്പൂര്‍: രാഷ്ട്രീയ കേരളം ശ്വാസമടക്കിപ്പിടിച്ചു നോക്കിയ ബേപ്പൂരിലെ പോരാട്ടത്തില്‍ പി.എ. മുഹമ്മദ് റിയാസ് കോട്ട കാത്തു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്വതന്ത്രനായി കച്ചമുറുക്കി ഇറങ്ങിയ പി.വി. അന്‍വറിന് ഒടുവില്‍ അടിതെറ്റി. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് വിജയക്കൊടി പാറിച്ചത്.
റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് നടക്കുമെന്ന അന്‍വറിന്റെ പഴയ വെല്ലുവിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ബേപ്പൂരില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ റെയില്‍വേ സ്റ്റേഷന് വരെ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് നടക്കാന്‍ തയ്യാറാണ്’ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പ്രഖ്യാപിച്ചത്.
റിയാസിന് 65,000 വോട്ടില്‍ കൂടുതല്‍ ലഭിക്കില്ലെന്നും അന്‍വര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അന്‍വറിന്റെ കണക്കുകൂട്ടലുകള്‍ പാളി.
റിയാസ് വിജയിക്കുക മാത്രമല്ല, അന്‍വറിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിക്കുകയും ചെയ്തു. ഇനി അന്‍വര്‍ തന്റെ വാക്ക് പാലിക്കുമോ എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.
