വന്യജീവി ആക്രമണങ്ങള്‍; ‘വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം’; ഷിബു ബേബി ജോണിനെതിരെ പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തില്‍ സംഭവിച്ചത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം.

 

വന്യജീവി ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നല്‍കിയവർ ഇപ്പോള്‍ മലക്കം മറിയുമ്പോള്‍ പ്രശ്നബാധിതർ തീർത്തും അരക്ഷിതരാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണത്തിനായി സമഗ്ര കർമ്മ പദ്ധതികളാണ് എല്‍ ഡി എഫ് സർക്കാർ ആവിഷ്കരിച്ചിരുന്നത്. ആ പദ്ധതികള്‍ പകർത്തി പുതിയ മട്ടില്‍ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാർഗവും സർക്കാർ നിർദ്ദേശിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.