ഓണത്തിന് മലയാളികൾക്ക് ആശ്വാസം; കേരളത്തിലേക്ക് 100ലധികം സ്‌പെഷ്യല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഓണം സീസണോട് അനുബന്ധിച്ച് കേരത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിനുകള്‍ സർവീസ് നടത്തുമെന്ന് അറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്‌പെഷ്യല്‍ ട്രെയിനുകളുടെ പട്ടിക താമസിയാതെ പ്രസിദ്ധീകരിക്കും. ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. പുരി രഥയാത്രയോട് അനുബന്ധിച്ച് 300 പ്രത്യേക ട്രെയിനുകള്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു.

 

ഉത്സവ സീസണിലെ യാത്രാതിരക്ക് പരിഹരിക്കാനും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രഖ്യാപനമെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഒഡീഷയില്‍ പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി റൂട്ട് വിപുലീകരണവും അദ്ദേഹം പ്രഖ്യാപിച്ചു.

 

പുരി രഥയാത്രയ്ക്കായി പതിനായിരക്കണക്കിന് ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും യാത്രക്കാരെ സ്വീകരിക്കാനുള്ള നടപടികള്‍ റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ഭക്തര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായി സംവിധാനങ്ങള്‍ സജ്ജമാക്കും. എണ്ണൂറില്‍ അധികം ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് 300 ട്രെയിനുകള്‍ കൂടി ഓടിക്കുന്നത്.