ഒമാനിലെ മാര്‍ക്കറ്റില്‍ പ്രവാസി യുവാവിന് കത്തി കുത്തേററ്റ് ഗുരുതര പരിക്ക്; രണ്ടുപേര്‍ അറസ്റ്റില്‍

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രവാസി യുവാവിന് കത്തി കുത്തേറ്റ് ഗുരുതര പരിക്ക്.സംഭവത്തില്‍ രണ്ട് പ്രവാസികളെ മസ്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടി. ഏഷ്യന്‍ പൗരത്വമുള്ളവരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റതും. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

അതേസമയം മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ സൗദി അറേബ്യയില്‍ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാന്‍ പൗരനായ അല്‍ഹാദി ഹമദ് ഫദ്ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരായ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയത്.

അലി അബ്ദുല്ല, നഖസ് ബുര്‍ഹ, ശാബര്‍ ശന്‍ബ, അഫതം ഹഖൂസ് എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സുഡാനിയെ വടി കൊണ്ട് അടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്ത പ്രതികള്‍ ഇയാളുടെ കയ്യും കാലും കെട്ടുകയും സമീപത്തുള്ളവരെ ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ സുഡാനി മരിച്ചു. തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.