നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; നിർദേശം ആരോഗ്യ സർവകലാശാലയ്ക്ക്

തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോഗ്യ സർവകലാശാലയ്ക്കാണ് മന്ത്രി നിർദേശം നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട ചുട്ടിപ്പാറ ഗവ: നഴ്സിങ് കോളേജ് നാലാം വർഷ വിദ്യാർഥിനിയായ അമ്മു സജീവ് ആണ് (22) വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ചത്.

തിരുവനന്തപുരം അയിരൂപാറ സ്വദേശിയാണ്. തിങ്കളാഴ്ച പത്തനംതിട്ട പോലീസ് കോളേജിലെത്തി അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തി. അമ്മു സജീവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചുവെന്ന് ചുട്ടിപ്പാറയിലെ നഴ്സിങ് കോളജ് പ്രിൻസിപ്പല്‍ അറിയിച്ചിട്ടുണ്ട്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹപാഠികളായ മൂന്ന് വിദ്യാർഥികളാണ് ഇതിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ ആരോപണവിധേയരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പ്രിൻസിപ്പല്‍ മെമ്മോ നല്‍കി വിശദീകരണം തേടി.

കുടുംബം പരാതി നല്‍കിയ മൂന്ന് പെണ്‍കുട്ടികളും അമ്മുവും അടുത്ത സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങള്‍ തുടങ്ങിയത്. പരസ്പരം വീടുകള്‍ സന്ദർശിച്ചിട്ടുള്ള പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കും അടുത്തറിയാം.