നോണ്‍-വെജിറ്റേറിയൻ കഴിക്കുന്നതില്‍ മലയാളികള്‍ മുന്നില്‍; ഉയര്‍ന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് കേരളമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: നോണ്‍-വെജിറ്റേറിയൻ ഭക്ഷണങ്ങള്‍ വാങ്ങാനായി ഏറ്റവും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എൻഎസ്‌ഒ) 2023-24 വർഷത്തെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് രണ്ടാം വർഷമാണ് കേരളം മുന്നിലെത്തുന്നത്.

ഗ്രാമീണമേഖലയില്‍ പച്ചക്കറി വാങ്ങുന്നതിന് ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്നതും കേരളത്തില്‍ തന്നെയാണ്. നഗരമേഖലകളില്‍ 8.27 ശതമാനമാണ് പച്ചക്കറി വാങ്ങാനായി കുടുംബങ്ങള്‍ മാറ്റിവയ്ക്കുന്നത്. നോണ്‍-വെജിറ്റേറിയൻ ഇനത്തില്‍ 2022-23ലും കേരളമായിരുന്നു ഒന്നാമത്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളില്‍ 23.33% തുകയാണ് മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നത്. നഗരങ്ങളില്‍ ഇത് 21.3 ശതമാനവും. രണ്ടാമത് ബംഗാളാണ്, അവരുടെ ഭക്ഷണച്ചെലവില്‍ 18.78ശതമാനവും (നഗരം) 19.71 ശതമാനവുമാണ് (ഗ്രാമം) നോണ്‍-വെജ് ഇനങ്ങള്‍.

2022-23ല്‍ അസമായിരുന്നു രണ്ടാമത്. ഗ്രാമീണമേഖലയില്‍ ഏറ്റവും കുറവ് ഹരിയാനയിലും (1.91%) നഗരമേഖലകളില്‍ ഏറ്റവും കുറവ് രാജസ്ഥാനിലുമാണ് (2.25%) എന്നാണ് കണക്കുകള്‍.