‘ഇരു കൈകളുമില്ല, വളയം പിടിക്കാന്‍ കാലുണ്ട്’; കൈകളില്ലെങ്കിലും കാലുകള്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് പഠിച്ച ഇടുക്കി സ്വദേശിനി ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍.

 

പാലക്കാട്‌ : സംസ്ഥാന ഭിന്ന ശേഷി കമ്മീഷനാണ് ജിലുമോള്‍ക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസങ്ങളും മാറ്റി ലൈസന്‍സ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് പരേതരായ എന്‍.വി തോമസ് അന്നക്കുട്ടി ദമ്ബതികളുടെ ഇളയമകളായ ജിലുമോള്‍ ഇരുകൈകളുമില്ലാതെയാണ് ജനിച്ചത്. ആറ് വര്‍ഷത്തെ കഠിന ശ്രമങ്ങളിലൂടെയാണ് ഡ്രൈവിങ്ങിനെ ജിലു വരുതിയിലാക്കിയത്. ഡ്രൈവിങ് പഠനം കഴിഞ്ഞ് ലൈസന്‍സിനായി അപേക്ഷിച്ചപ്പോള്‍ നിയമപരമായ തടസങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് നേടി.

ശേഷം കാറില്‍ രൂപ മാറ്റം വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശവും ലഭിച്ചു. രൂപമാറ്റം വരുത്തിയ കാറില്‍ കാലുകള്‍ ഉപയോഗിച്ച്‌ വാഹനം നിയന്ത്രിക്കാന്‍ പഠിച്ചെങ്കിലും നിയമപരമായ തടസങ്ങള്‍ വീണ്ടും വില്ലനായി. ഒടുവില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ഇടപെട്ടാണ് ജിലുമോളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. മാരുതി കാറില്‍ കാലുകള്‍ മാത്രം ഉപയോഗിച്ച്‌ ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കി.