കോട്ടയം: കോട്ടയം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്താനായി കൊല്ലം-ഡിണ്ടിഗല്‍ ദേശീയപാതയില്‍ (എന്‍എച്ച് -183) കോട്ടയം നഗരത്തില്‍ പുതിയ ബൈപാസ് വരുന്നു. കോട്ടയം നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കെകെറോഡ് വീതി കൂട്ടുമ്പോള്‍ വലിയ തോതില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടിവരും.
വ്യാപാര മേഖലയെ ഇതു വലിയതോതില്‍ ബാധിക്കും. ഈ സാഹചര്യത്തിലാണ് ബൈപാസ് എന്ന പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. കുമളി മുതല്‍ കോട്ടയം വരെ 24 മീറ്ററും കോട്ടയം മുതല്‍ കൊല്ലം വരെ 30 മീറ്ററും വീതിയിൽ റോഡ് വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
സ്ഥലം ഏറ്റെടുക്കാന്‍ പ്രയാസമുള്ള മണര്‍കാട് മുതല്‍ കോടിമത വരെയുള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപാസ് എന്ന ആശയം ഉയര്‍ന്നുവന്നിരിക്കുന്നത്. ബൈപാസിനായി ദേശീയപാതാ വിഭാഗം ചുമതലപ്പെടുത്തിയിട്ടുള്ള മോര്‍ത്താണ് റോഡിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. കോടിമതയിലെ മണിപ്പുഴയില്‍നിന്നും ആരംഭിച്ച് പാമ്പാടി വെള്ളൂര്‍ എട്ടാം മൈലിലേക്കാണു പുതിയ റോഡ് എന്നതാണ് നിര്‍ദേശമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
12.600 കിലോമീറ്റര്‍ ദൂരവും 30 മീറ്റര്‍ വീതിയുമുള്ള റോഡ് ഏഴു കിലോമീറ്ററും പാടശേഖരത്തിലൂടെയാണു കടന്നുപോകുന്നത്. അലൈന്മെന്റ് അംഗീകരിച്ചു തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തിയാല്‍ നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ പണവും അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നു ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍, ദേശീയപാതാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
