നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും രണ്ടാനച്ഛനും റിമാൻഡിൽ. അമ്മ അഖിലയും പങ്കാളി അഷ്‌കറിനെയുമാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തി.
ചോറുകൊടുക്കുമ്പോൾ കരഞ്ഞതിനാലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് രണ്ടാനച്ഛൻ അഷ്കറിന്റെ മൊഴി. ഒരു മാസത്തിനുള്ളിലാണ് ഈ മുറിവുകൾ എല്ലാം ഉണ്ടായതെന്നാണ് കണ്ടെത്തൽ. കേസിൽ അമ്മ അഖിലയുടെ പങ്കും ഇപ്പോൾ അന്വേഷണത്തിന്റെ മുന്നിലുണ്ട്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും, മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നുമാണ് പൊലീസ് സംശയം. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ച മൂലമല്ലെന്ന നിഗമനവും അന്വേഷണസംഘത്തിനുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു. പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കറും കുറ്റം സമ്മതിക്കുകയായിരുന്നു.
