തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടന്ന പരിപാടിയോടെയാണു പരിപാടികള്‍ക്കു സമാപ്തിയായത്. പതിനായിരങ്ങളാണ് ഇവിടെ പങ്കെടുത്തത്. നവകേരള സദസ്സ് ആര്‍ക്കും എതിരായ പരിപാടി ആയിരുന്നില്ലെന്നും പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും ജനങ്ങള്‍ ഒഴുകിയെത്തിയത് സര്‍ക്കാരിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്.
140 നിയമസഭാ മണ്ഡലങ്ങള്‍, 36 ദിവസങ്ങള്‍, സംസ്ഥാന മന്ത്രിസഭ മുഴുവന്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിച്ച് രാഷ്ട്രീയം പറഞ്ഞും പ്രതിഷേധങ്ങള്‍ നേരിട്ടുമാണ് വട്ടിയൂര്‍ക്കാവിലെത്തിയത്. മന്ത്രിസഭ കേരളമുടനീളം സഞ്ചരിച്ചെന്ന പുതിയ ചരിത്രം എഴുതിച്ചേര്‍ത്താണ് നവകേരള സദസ്സിന് വട്ടിയൂര്‍ക്കാവ് പോളിടെക്നിക് ഗ്രൌണ്ടില് സമാപനമായത്.
സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് ബോധ്യമായപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് അതിനെ മറികടക്കാന്‍ സി.പി.എം കണ്ട മാര്‍ഗമായിരിന്നു നവകേരള സദസ്സ. അരയും തലയും മുറുക്കി സി.പി.എമ്മും മുന്നണിയും ഇറങ്ങിയതോടെ ജനങ്ങള്‍ വേദികളില്‍ തിങ്ങിനിറഞ്ഞു. കേന്ദ്രത്തിനും ഗവര്‍ണര്‍ക്കുമെതിരെ മുഖ്യമന്ത്രി കടുത്ത വിമര്ശനങ്ങളുമുന്നയിച്ചു.
പ്രതിപക്ഷ പ്രതിഷേധങ്ങളെ നേരിട്ടാണ് നവകേരള സദസ്സ് സമാപിച്ചത്. നവകേരള ബസില്‍ തുടങ്ങിയ വിവാദങ്ങള്‍ ഒടുവില്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞു.
പ്രതിഷേധക്കാരെ മര്‍ദിച്ച പൊലീസിന്റെയും ഡി.വൈ.എഫ്.ഐയുടെയും നടപടികള്‍ ജീവന് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ അതൊരു മൗനാനുവാദമായി മാറി. പൊലീസ് സുരക്ഷയ്ക്ക് പുറമെ ഡി.വൈ.എഫ്.ഐയും സുരക്ഷാചുമതല ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ വര്‍ധിച്ചു.
പ്രതിപക്ഷം പിന്നോട്ടുപോയില്ല. തലസ്ഥാനത്ത് എത്തിയതോടെ സമരങ്ങളുടെ രീതി മാറി. പ്രതിഷേധം കലേറിലേക്കും തെരുവില്‍ ഏറ്റുമുട്ടലിലേക്കും വഴിമാറി. അതിനെയും വിമര്‍ശിച്ചാണ് മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവിലെ പ്രസംഗം അവസാനിപ്പിച്ചത്.
