കോട്ടയം: കുറവിലങ്ങാട് കോഴാ-പാലാ റോഡിൽ നാടുകുന്നിനു സമീപം വരെ ഇനി വൈദ്യുതി മുടക്കം കുറയും. നാടുകുന്നിനു സമീപത്തെ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിലേക്ക് കോഴാ സബ് സ്റ്റേഷനിൽ നിന്ന് എബിസി കേബിൾ സ്ഥാപിച്ചു തുടങ്ങി. ഇതു പൂർത്തിയാകുമ്പോൾ വൈദ്യുതി തടസ്സത്തിനു കുറവുണ്ടാകും.
നിലവിൽ മരങ്ങാട്ടുപിള്ളി ഫീഡറിൽ നിന്നാണ് ഈ ഭാഗത്തു വൈദ്യുതി വിതരണം ചെയ്യുന്നത്. ഫീഡറിൽ എവിടെയെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ വൈദ്യുതി വിതരണം പൂർണമായി മുടങ്ങുന്ന അവസ്ഥ. ഇതിൽ മാറ്റം വരുത്തി മരങ്ങാട്ടുപിള്ളി ഫീഡറിൽ നിന്നു മാറ്റി കുറവിലങ്ങാട് ചർച്ച് ഫീഡറുമായി സംയോജിപ്പിച്ചാണ് എബിസി കേബിൾ സ്ഥാപിക്കുന്നത്.
എബിസി കേബിളുകളിൽ മരച്ചില്ലകളും മറ്റും പതിച്ച് വൈദ്യുതി വിതരണം തടസ്സപ്പെടാനുള്ള സാധ്യതയും കേബിളുകൾ പൊട്ടിയാൽ അപകടസാധ്യതയും കുറവാണ്. ഒരു കിലോമീറ്റർ ദൂരം എബിസി ലൈൻ സ്‌ഥാപിക്കാൻ ലക്ഷക്കണക്കിനു രൂപയാണു വൈദ്യുതി ബോർഡിനു ചെലവ്. മഴക്കാലത്ത് ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കും.
സാധാരണ വൈദ്യുതലൈൻ വലിക്കുന്നത് 35 മുതൽ 40 മീറ്റർ വരെ അകലത്തിൽ തൂണുകൾ സ്ഥാപിച്ചാണെങ്കിൽ എബിസിക്ക് 22 മുതൽ 25 വരെ മീറ്റർ ദൂരത്തിൽ വൈദ്യുത തൂൺ സ്ഥാപിക്കണം. സാധാരണ ലൈനിനെ അപേക്ഷിച്ച് ഭാരം കൂടിയതിനാലും മരക്കൊമ്പുകൾ വീണാൽ പോലും നാശമുണ്ടാകാതിരിക്കാനും കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.
