കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, ഉദ്യോ​ഗസ്ഥന്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ബിജെപി നേതാവ് എൻ ഹരി

കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി നേതാവ് എന്‍.ഹരി.

കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥന്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും എൻ ഹരി പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയും വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശ്യാംപ്രസാദ് ലഹരിക്കടിമയായ യുവാവിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

വഴിയോരത്തെ തട്ടുകടയില്‍ യുവാവ് ഭീകരാന്തരീഷം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്തതോടെയാണ് യുവാവ് ശ്യാംപ്രസാദിനെ മർദ്ദിച്ചത്. മരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥനെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായി അല്ല ശ്യാംപ്രസാദ് ഇടപെട്ടതെന്ന് വരുത്തി സംഭവത്തെ ലഘൂകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് എൻ ഹരി പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ അപലപിക്കാനോ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വസതി സന്ദർശിക്കാനോ ഇതുവരെ തയാറായിട്ടില്ല.

ജില്ലയിലെ മന്ത്രി ശ്യാം പ്രസാദിന്റെ വസതിയിൽ എത്തിയത് ഒരു പതിവു നടപടിക്രമം മാത്രമാണ്. പൊലീസ് നടപടിക്രമങ്ങൾക്കപ്പുറത്തേക്ക് ‘ഉത്തമമായ മാനുഷികതയുടെയും പൗരബോധത്തെയും പ്രതീകമാണ് യുവ ഓഫീസർ. സമൂഹത്തിലെ കുറ്റവാളികൾക്കെതിരെ സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് സമൂഹത്തിന് മാതൃകയായി ഡ്യൂട്ടി നിറവേറ്റിയ ശ്യാംപ്രസാദിനെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ ആദരിക്കണം.

കുറ്റവാളികൾക്കെതിരായ നിതാന്ത ജാഗ്രതയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യം. അതാണ് ശ്യാംപ്രസാദ് ചെയ്തത്. കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലിയും ഉറപ്പാക്കണം.