ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി ചമയുന്നു, കേരള ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുന്നത്, നോട്ടീസ് കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം ? സംസ്ഥാനം ഭരിക്കാനായി ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ സർക്കാരുണ്ടെന്നും എം വി ജയരാജന്‍

കണ്ണൂർ: ഒരിടവേളക്ക് ശേഷം സംസ്ഥാന ഗവര്‍ണര്‍ വീണ്ടും സംഘിയായിരിക്കുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. തരംതാണ തറവേലകളാണ് ഇപ്പോള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി ചമയാന്‍ തുടങ്ങിയിട്ട് കുറേക്കാലമായെന്നും അദ്ദേഹം പറഞ്ഞു.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തുന്നത്. ഇങ്ങനെ നോട്ടീസ് കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം. ഗവര്‍ണറുടെ പേരിലാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങുന്നത് എന്നത് ശരിതന്നെ. എന്നാല്‍, ഈ സംസ്ഥാനം ഭരിക്കാനായി ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല. ഇതിനുമുമ്പുള്ള ഗവര്‍ണര്‍മാര്‍ അങ്ങനെ ചെയ്തിട്ടില്ല. ഇനിയുള്ള ഗവര്‍ണര്‍മാര്‍ സംഘികളായാല്‍ അങ്ങനെയുണ്ടാകുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ തെളിയിക്കുന്നതെന്നും എംവി ജയരാജന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.