മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു; ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാര്‍; ആന നില്‍ക്കുന്ന സ്ഥലം സ്ഥിരീകരിച്ച്‌ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും

ഇടുക്കി: മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു.

വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ വെറ്റിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്.

നാടിനെ വിറപ്പിക്കുന്നത് മദപ്പാടിലായതുകൊണ്ടാണെന്നാണ് വനം വകുപ്പിന്റെയും നിഗമനം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെ പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.

ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി.സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്.ബിജു അറിയിച്ചു.

അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കും. അതേസമയം ആന നില്‍ക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ഇവ പ്രദേശവാസികള്‍ക്കും മറ്റും അലര്‍ട് സന്ദേശങ്ങളായി എത്തുന്നുമുണ്ട്.