മുണ്ടക്കയം: പിതൃസഹോദരനെ കുത്തി പരിക്കേൽപിച്ച കേസിൽ നാടുവിട്ട പ്രതി 32 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. കേസിൽ പുനരന്വേഷണം നടത്തിയ പൊലീസ് പ്രതി സുനിൽ കുമാറിനെ (50) മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു. ബന്ധുക്കൾക്കു പോലും തിരിച്ചറിയാൻ കഴിയാതിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ രഹസ്യ അന്വേഷണം. 1993ലാണ് സംഭവം.
പെരുവന്താനം പഞ്ചായത്തിലെ കോരുത്തോട് മൂഴിക്കലിൽ പിതൃസഹോദരനായ വിജയനെ കുത്തിപ്പരിക്കേൽപിച്ച് നാടുവിടുമ്പോൾ സുനിൽ കുമാറിനു 18 വയസ്സ് കഴിഞ്ഞതേയുള്ളൂ. ഐടിഐ കോഴ്സിനു പഠിക്കുന്ന സമയത്തായിരുന്നു സംഭവം.
മുണ്ടക്കയത്തുനിന്നു കുമളിക്ക് വണ്ടി കയറി അവിടെനിന്നു ചെന്നൈയിൽ എത്തി നാലു വർഷം പ്രതി താമസിച്ചു. പിന്നീട് മൂന്നാറിൽ എത്തി എസ്റ്റേറ്റിൽ ജോലി നേടി അവിടെ നിന്നു തമിഴ് സ്ത്രീയെ വിവാഹം കഴിച്ചു. 20 വയസ്സുള്ള ഒരു മകളുമുണ്ട് പ്രതിക്ക്. കത്തിക്കുത്ത് കേസിലെ പ്രതിയെ കിട്ടാത്തതിനാൽ പൂർത്തീകരിക്കാനാകാതെ പഴയ ഫയലിൽ കേസ് ഒതുങ്ങി.
ആക്രമണത്തിനിരയായ ആൾക്ക് പരിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും പഴയ കേസുകൾ തീർപ്പാക്കണം എന്ന നിർദേശത്തെത്തുടർന്ന് പ്രതിയെപ്പറ്റി പൊലീസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. കേസ് വീണ്ടും അന്വേഷിച്ച പൊലീസിന് ഒരു വിവരം ലഭിച്ചു. മൂന്നു വർഷം മുൻപ് സുനിൽ കുമാർ സഹോദരൻ്റെ വീട്ടിൽ എത്തിയിരുന്നു എന്ന്. അതു കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം.
തമിഴ്നാട്ടിൽ നിന്ന് ഒരിക്കൽ മാത്രമാണ് ഇയാൾ പിന്നീട് മൂഴിക്കൽ ഗ്രാമത്തിൽ എത്തിയത്. അന്ന് സ്വന്തം സഹോദരൻ അല്ലാതെ മറ്റാരും ഇയാളെ തിരിച്ചറിഞ്ഞുമില്ല. എസ്എച്ച്ഒ പ്രദീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഓഫിസർമാരായ പി.ഡി.സഞ്ജുമോൻ, സുധീഷ് എസ്. നായർ, നദീർ മുഹമ്മദ് എന്നിവർ പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുകയും മൂന്നാറിൽ ഇയാൾ വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
