ജോലി കഴിഞ്ഞെത്തിയ മകന്‍ കണ്ടത് മരിച്ചുകിടക്കുന്ന അമ്മയെ; കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ വീടിന് പിന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. വീടിന്‍റെ പിൻവശത്താണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ഫോറന്‍സിക് സംഘവും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അടുക്കളയുടെ പിന്‍വശത്താണ് ലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലീനയെ കൂടാതെ നാല് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും രണ്ട് മക്കളും ഭര്‍ത്താവിന്‍റെ അച്ഛനും. രാത്രി പന്ത്രണ്ട് മണിയോടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. മൃതദേഹം കിടക്കുന്നതിന് സമീപത്ത് നിന്നായി ഒരു കത്തിയും കണ്ടെടിത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷമം ആരംഭിച്ചു.