‘വോട്ടർമാർക്ക് നന്ദി, പ്രതിപക്ഷത്തിരുന്ന് ജനങ്ങള്‍ക്കായി പോരാടും’; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങള്‍ക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോള്‍ ജനങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.

74 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.

 

അതേസമയം, തമിഴ്നാട്ടില്‍ സർക്കാർ രൂപീകരണ ചർച്ചകള്‍ സജീവമാക്കുകയാണ് തമിഴക വെട്രി കഴകം.പാർട്ടി അധ്യക്ഷൻ വിജയുടെ നേതൃത്വത്തില്‍ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകള്‍ തുടരുകയാണ്. നിയുക്ത എംഎല്‍എമാരും ചർച്ചയില്‍ പങ്കെടുക്കുന്നുണ്ട്.വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് വിജയുടെ ശ്രമം.

 

എന്നാല്‍ 118 എന്ന മാജിക് സംഖ്യയിലേയ്ക്ക് എത്താൻ വിജയ്ക്ക് ഇനിയും കടമ്പകള്‍ ഏറെ കടക്കണം. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍, വിടുതലൈ സിരുത്തൈകള്‍ കക്ഷി, മുസ്ലിം ലീഗ്, അണ്ണാ ഡിഎംകെ സഖ്യത്തിലെ പാട്ടാളി മക്കള്‍ കക്ഷി. ഇങ്ങനെ കുറേയേറെ സാധ്യതകള്‍ ടിവികെയ്ക്ക് മുന്നിലുണ്ട്. അഞ്ച് സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസുമായി ചർച്ചകള്‍ നടത്തിയെന്നാണ് സൂചന. പിന്തുണയുടെ കാര്യം പരിഗണിയ്ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

 

അണ്ണാ ഡിഎംകെ വിട്ട് ടിവികെയില്‍ എത്തിയ കെ എ സെങ്കോട്ടയ്യന്റെ നേതൃത്വത്തില്‍ എഡിഎംകെയില്‍ നിന്ന് എംഎല്‍എമാരെ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പിന്തുണ തേടുകയാണ് ലക്ഷ്യം. സർക്കാർ രൂപീകരണത്തിന് രണ്ട് ആഴ്ചത്തെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി എൻ ആനന്ദ്, ഗവർണർക്ക് കത്ത് നല്‍കി. തമിഴ് നാട്ടില്‍ കൂട്ട് മന്ത്രിസഭ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നതെന്ന് വിസികെ അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു. ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പ്രസ്താവനയെന്നാണ് സൂചന.