ന്യൂഡൽഹി : പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നും ട്രാക്ടറുകള്‍ നീങ്ങിത്തുടങ്ങി. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 200ല്‍പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരത്തിനിറങ്ങുന്നത്.
കഴിഞ്ഞദിവസം, മാര്‍ച്ച് ഒഴിവാക്കാനായി കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി അവസാനവട്ട ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചുമണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കര്‍ഷകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ ഉറയ്ക്കുകയായിരുന്നു.
“പഞ്ചാബിലെയും ഹരിയാനയിലെയും ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, ഈ രണ്ട് സംസ്ഥാനങ്ങളും ഇനി ഇന്ത്യയുടെ ഭാഗമല്ലെന്ന് തോന്നുന്നു അവരെ അന്താരാഷ്ട്ര അതിര്‍ത്തിയായി കണക്കാക്കുന്നു’ എന്നായിരുന്നു പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പന്ദേര്‍ പ്രസ്താവിച്ചത്.
അതേ സമയം, കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിനെ നേരിടാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും തയാറായിക്കഴിഞ്ഞു. ഹരിയാന, യുപി അതിര്‍ത്തികളിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എന്നിവ സ്ഥാപിച്ചു.
ഹരിയാനയില്‍ ഏഴ് ജില്ലകളില്‍ ഇന്‍റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തി. വിവിധയിടങ്ങളില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചു. ട്രോണുകളുടെ ഉള്‍പ്പടെയുള്ള നിരീക്ഷണം ശക്തമാക്കി. രണ്ട് താത്കാലിക ജയിലുകളും നിര്‍മിച്ചിട്ടുണ്ട്.
വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
