പാല്‍ വില വര്‍ധിച്ചേക്കും; മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനത്തിന് സാധ്യത; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയാൽ മെയ് ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരാൻ സാധ്യത

തിരുവനന്തപുരം: മില്‍മ പാല്‍ വില വ‌ർധന ഇന്ന് ചേരുന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കും.

ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങും. വില വ‌ർധനയില്‍ ധാരണയിലെത്തും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കും.

ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പായതിനാല്‍ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നല്‍കിയിരുന്നില്ല. എറണാകുളം മേഖല യൂണിയൻ കഴിഞ്ഞ ദിവസം മില്‍മ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തി. മില്‍മയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാല്‍വില കൂട്ടാനുള്ള അനുമതി സർക്കാർ നല്‍കിയത്.