സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ തീരുമാനമായി, ലിറ്ററിന് 4 രൂപ കൂട്ടും

കൊച്ചി: സംസ്ഥാനത്ത് മില്‍മ പാല്‍ വില വർധിപ്പിക്കുന്നതില്‍ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടും. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മെയ്യ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.

ഇന്ന് തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരുത്താത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ഭരണ സമിതി നേതൃത്വം നല്‍കുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി.

പാല്‍ വില വർദ്ധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പാല്‍ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നല്‍കിയിരുന്നു. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നായിരുന്നു സൂചന. പാലിന് വില വർധിപ്പിക്കാൻ മില്‍മ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാർശ.

 

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതല്‍ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മില്‍മ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു. വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്.