ന്യൂഡൽഹി: രാജ്യത്ത് പാല്‍ വില വർധിപ്പിച്ച് അമുല്‍. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.
പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു.
രാജ്യവ്യാപകമായി മെയ് 14 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുല്‍ പാല്‍ വില വർധിപ്പിച്ചിരുന്നു.
അമുലിൻ്റെ അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്പെഷ്യല്‍ തുടങ്ങിയ പാല്‍ ബ്രാൻഡുകളുടെ വിലയില്‍ മാറ്റം വരും. അമുല്‍ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുല്‍ ഗോള്‍ഡ് അര ലിറ്ററിന് 35 രൂപയാകും. അമുല്‍ ശക്തി അര ലിറ്ററിന് 32 രൂപയുമാകും. അമുല്‍ ടീ സ്പെഷ്യലിൻ്റെ ഒരു ലിറ്റർ കവറിന് 66 രൂപയാകും. എരുമ പാല്‍ അര ലിറ്ററിന് 38 രൂപയാകും പുതിയ നിരക്ക്.
