സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണ നേതൃത്വം ഇന്ന് ചുമതലയേറ്റിരിക്കുകയാണ്. സംസ്ഥാനം ഒന്നാകെ ഉറ്റുനോക്കിയിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയുടെ വിവി രാജേഷ് ആണ് മേയറായി സ്ഥാനമേറ്റെടുത്തത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും അടക്കം 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്.
കൊല്ലം കോര്‍പ്പറേഷൻ മേയറായി എംകെ ഹഫീസിനെ തിരഞ്ഞെടുത്തു. കൊല്ലം കോര്‍പറേഷന്‍ രൂപീകരണത്തിന് ശേഷം ആദ്യത്തെ യുഡിഎഫ് മേയറാണ് എംകെ ഹഫീസ് എന്ന പ്രത്യേകതയുമുണ്ട്.യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടുകളാണ് ലഭിച്ചത്. യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു.
വിവാദങ്ങൾക്കും സസ്പെൻസുകൾക്കുമൊടുവിൽ കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 74 ല്‍ സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ടടക്കം 48 വോട്ടുകൾ മിനിമോൾക്ക് ലഭിച്ചു.മേയർ സ്ഥാനം ലഭിക്കാതിരുന്ന മുതിർന്ന നേതാവ് ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. മിനിമോളെ ഷാൾ അണിയിച്ച് അഭിനന്ദിച്ച ദീപ്തി മേരി വർഗീസ് സത്യപ്രതിജ്ഞ കാണാതെ മടങ്ങുകയായിരുന്നു.
തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച ലാലിയുടെ വോട്ടും 2 സ്വതന്ത്ര കൗൺസിലർമാരുടെ വോട്ടും നിജി ജസ്റ്റിന് ലഭിച്ചു.
സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമായ ഒ സദാശിവനാണ് കോഴിക്കോട് മേയർ.രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. സദാശിവന് 33 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ എസ്‌കെ അബൂബക്കറിന് 28 വോട്ടുകളും ലഭിച്ചു. എൻഡിഎ – 13 വോട്ടുകളും ലഭിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സത്യാവാചകം ചൊല്ലി കൊടുത്തു. 56 അംഗ കൗണ്‍സിലില്‍ ഇന്ദിരക്ക് 36 വോട്ട് ഇന്ദിരയ്ക്ക് ലഭിച്ചപ്പോൾ സിപിഎമ്മിലെ വികെ പ്രകാശിനിക്ക് 15 വോട്ടുകളാണ് ലഭിച്ചത്.
