ഇരുപത് കോടിയുടെ തട്ടിപ്പ് നടത്തിയത് റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനും; പണം തട്ടിയത് എണ്ണായിരം ഇടപാടുകളിലൂടെ; മണപ്പുറം തട്ടിപ്പ് കേസില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി ധന്യ മോഹൻ

തൃശ്ശൂർ: 18 വർഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി.

വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായാണ് ധന്യ മോഹൻ ജോലി ചെയ്തിരുന്നത്. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.

ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്‍റെ സിസ്റ്റം നിയന്ത്രണം മുഴുവന്‍ ധന്യാ മോഹന്‍റെ കൈയ്യിലായിരുന്നു. ധന്യയുടെയും മറ്റ് നാലു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്.

റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കൈയ്യിലെത്തിയ പണം ഉപയോഗിച്ചത് ആഢംബരത്തിനും ധൂര്‍ത്തിനുമാണ്. വലപ്പാട് സ്ഥലം വാങ്ങി വീടുവച്ചിരുന്നു. കാര്‍ പാര്‍ക്കുചെയ്യാനും മറ്റും അഞ്ചു സെന്‍റ് സ്ഥലം കൂടി ഈ അടുത്ത് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവർക്കുള്ളത്. ഓണ്‍ലൈന്‍ റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചെത്തിയെങ്കിലും മറുപടി നല്‍കിയില്ല. ഇത് കമ്പനിയിലറിഞ്ഞതോടെയാണ് കള്ളികളോരോന്നായി പുറത്തായത്.