കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ കാട്ടാനയാക്രമണം; വയനാട്ടിൽ യുവാവിന് ഗുരുതര പരിക്ക്

കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ വയനാട്ടിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ വച്ചാണ് യുവാവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ 42കാരനായ മണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാനെത്തിയപ്പോൾ കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ആക്രമിച്ചതിന് പിന്നാലെ ഉടനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ മണിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.