പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനർജി ക്യാമ്പ് കടുത്ത ആശങ്കയിൽ. മമത വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ ഭൂരിപക്ഷവും പങ്കെടുക്കാത്തതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. യോഗത്തിൽ പങ്കെടുത്തത് 80ൽ 20പേർ മാത്രമാണ് എംഎൽഎമാർ പലരും പ്രതിഷേധ സ്ഥലങ്ങളിലെന്നാണ് ന്യായീകരണം. അഭിഷേക് ബാനർജിയടക്കം എംഎൽഎമാരുമായി സംസാരിക്കുന്നുണ്ട്. അതേസമയം തൃണമൂലിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ തുടങ്ങിയ തൃണമൂൽ കോൺഗ്രസിലെ തമ്മിലടി മുറുകുകയാണ്. പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് പിന്നാലെ നേതാക്കൾ പരസ്യമായി തമ്മിലടി തുടങ്ങിയതോടെ മമത ബാനർജിയും അഭിഷേക് ബാനർജിയും കടുത്ത പ്രതിസന്ധിയിലായി.
അതേസമയം ടിഎംസിയിലെ പൊട്ടിത്തെറി നിരീക്ഷിക്കുന്ന ബിജെപി ചാടാൻ തയാറായ നേതാക്കളെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി നേതാക്കളുമായി നേരിട്ട് കൂടികാഴ്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം.
