തിരുവനന്തപുരം: മല്ലപ്പളളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ സർക്കാർ അപ്പീല്‍ നല്‍കിയേക്കില്ല.
വ്യക്തി എന്ന നിലയില്‍ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീല്‍ നല്‍കാമെന്നാണ് ധാരണ. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യുഷൻസിന്‍റെ ഓഫീസ് നല്‍കിയിരികുന്ന പ്രാഥമിക നിയോമോപദേശം ഇങ്ങനെയാണ്.
ഹൈക്കോടതി ഉത്തരവില്‍ സർക്കാരായിരുന്നു എതിർകക്ഷി. തന്നെ കേള്‍ക്കാതെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാജം ഉയർത്തി സജി ചെറിയാന് കോടതിയെ സമീപിക്കാമെന്നാണ് വിലയിരുത്തല്‍.
മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരില്‍ സജി ചെറിയാന് ക്ലീൻ ചിറ്റ് നല്‍കിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തില്‍ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല.
കേസ് അവസാനിപ്പിച്ചത് വേഗത്തില്‍ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫൊറൻസിക് റിപ്പോർട്ട് വരും മുൻപേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നല്‍കിയത് ഒട്ടും ശരിയായില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വിമര്‍ശനമുണ്ട്.
