സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയ കുംഭമേള; വരവ് രണ്ടു ലക്ഷം കോടി; ചെലവ് ഏഴായിരം കോടി; യോഗി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് സാമ്പത്തിക രാഷ്ട്രീയമോ..?

മുംബൈ: പന്ത്രണ്ട് വ‍ർഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയാണ് ഇപ്പോള്‍ എല്ലാവരുടെയും സംസാര വിഷയം.

പുണ്യസ്നാനത്തില്‍ പങ്കെടുക്കാനെത്തിയ പതിനഞ്ചോളം പേർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.
എന്നാല്‍, ഇത്രയും ബ്രഹ്മാണ്ഡ ആത്മീയ സംഗമത്തിന് യാതൊരു സുരക്ഷയും ഒരുക്കാത്ത യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാർ വെറും നോക്കു കുത്തിയാകുകയാണ്.

15 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ തിരക്കില്‍ പെട്ട് സ്ത്രീകളടക്കം നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഔദ്യോഗികമായ ഒരു കണക്കും സർക്കാർ നിലവില്‍ പുറത്തുവിടാത്തത് ദുരൂഹത ഉയർത്തുകയാണ്.

മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന അമൃത് സ്നാനത്തിനിടെയായിരുന്നു അപകടം. ബാരിക്കേഡുകള്‍ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, ഇത്രയധികം ആളുകള്‍ എത്തുന്ന കുംഭമേളയില്‍ സംഭവിച്ച സുരക്ഷാവീഴ്ച യോഗി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഏഴായിരം കോടി രൂപയാണ് മഹാകുംഭമേളയുടെ ആകെ ചെലവ്. വരവോ രണ്ടു ലക്ഷം കോടിയും. ഈ കണക്കും കവിയുമെന്നാണ് റിപ്പോർട്ടുകള്‍. കാശെറിഞ്ഞ്‌ കാശുവാരുന്ന യോഗി സർക്കാരിന്‍റെ സാമ്പത്തിക രാഷ്ട്രീയമാണ് ഇത് വ്യക്തമാക്കുന്നത്.