എല്‍പിജി ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക: പാചകവാതക നിയമങ്ങളില്‍ മെയ് 1 മുതല്‍ വൻ മാറ്റം

ഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ എല്‍പിജി വിതരണ സംവിധാനത്തില്‍ കേന്ദ്രസർക്കാർ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ നിയമങ്ങള്‍ സിലിണ്ടർ ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള കാര്യങ്ങളെ ബാധിക്കും.

 

സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ഇന്ത്യൻ ഓയില്‍, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നിവയും പുതിയ ഡെലിവറി, ബുക്കിങ് നിയമങ്ങളെക്കുറിച്ച്‌ ചർച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 

ബുക്കിങ് ഇടവേളകളില്‍ മാറ്റം

 

പുതിയ പരിഷ്കാരം അനുസരിച്ച്‌ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇനി ഓരോ ബുക്കിങ്ങിനും ഇടയില്‍ 25 ദിവസം കാത്തിരിക്കണം (നേരത്തെ 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളില്‍ ഇത് 45 ദിവസമായി ഉയർത്തി.രണ്ട് സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് ഒരു സിലിണ്ടർ വാങ്ങി അടുത്തത് ബുക്ക് ചെയ്യാൻ 35 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.

 

ഒടിപി അധിഷ്ഠിത ഡെലിവറി

 

സിലിണ്ടർ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാൻ Delivery Authentication Code (DAC) അഥവാ OTP സംവിധാനം മെയ് 1 മുതല്‍ കൂടുതല്‍ കർശനമാക്കും. ഗ്യാസ് എത്തുമ്പോള്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ സിലിണ്ടർ ലഭിക്കൂ.

 

ഇ-കെവൈസി നിര്‍ബന്ധം

 

ആധാർ അധിഷ്ഠിത ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് ബുക്കിംഗില്‍ തടസ്സങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്. സബ്സിഡി മുടങ്ങാതിരിക്കാൻ ഇത് വേഗത്തില്‍ പൂർത്തിയാക്കേണ്ടതാണ്.

 

പിഎൻജിയിലേക്കുള്ള മാറ്റം

 

ഗാർഹിക ആവശ്യങ്ങള്‍ക്കായി എല്‍പിജി സിലിണ്ടറുകള്‍ക്ക് പകരം പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) ഉപയോഗിക്കുന്നതിലേക്ക് മാറാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. നിലവില്‍ പിഎൻജി ഉപയോഗിക്കുന്നവർക്ക് അവരുടെ നിലവിലുള്ള എല്‍പിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് വിലക്കുണ്ട്. കൂടാതെ ഇവർക്ക് പുതിയ എല്‍പിജി കണക്ഷനുകള്‍ക്കായി അപേക്ഷിക്കാനും കഴിയില്ല.

 

മാർച്ച്‌ അവസാന വാരത്തില്‍ പുറത്തിറക്കിയ സർക്കാർ ഉത്തരവില്‍ കൂടുതല്‍ കർശനമായ വ്യവസ്ഥകളാണുള്ളത്. ഒരു പ്രദേശത്ത് പിഎൻജി സൗകര്യം ലഭ്യമായിട്ടും ആ വീട്ടുകാർ അങ്ങോട്ട് മാറാൻ തയ്യാറായില്ലെങ്കില്‍, മൂന്ന് മാസത്തിന് ശേഷം അവർക്കുള്ള എല്‍പിജി വിതരണം നിർത്തലാക്കും.