സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം; ഒരു വർഷമായി നിയമനം നടക്കുന്നില്ലെന്ന് പരാതി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. നിയമനം നടക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി പ്രതിഷേധം നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ സമരവുമായി വീണ്ടും രം​ഗത്തെത്തിയത്.

കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിച്ച്, വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോ​ഗാർഥികൾ ആവശ്യപ്പെടുന്നു.