ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ മംദാനിയുടെ കത്ത്; രൂക്ഷ വിമർശനവുമായി ബിജെപി

ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി. ന്യൂയോർക്ക് മേയർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഒരു കുറ്റാരോപിതനെ പിന്തുണച്ചോ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയോ ചെയ്താൽ രാജ്യം അത് സഹിക്കില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഉമർ ഖാലിദിന്റെയോ മംദാനിയുടെയോ പേര് പരാമർശിക്കാതെയായിരുന്നു ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.

ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേറിയ ദിവസമാണ് ഉമറിന്റെ സുഹൃത്തുക്കൾ സോഷ്യല്‍ മീഡിയയിലൂടെ കത്ത് പങ്കുവെച്ചത്. ന്യൂയോര്‍ക്ക് മേയറാകുന്നതിന് മുന്‍പ് ജനാധിപത്യത്തെ കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ഉമര്‍ ഖാലിദിന്റെ കുറിപ്പുകള്‍ മംദാനി വായിച്ചിരുന്നു. വിചാരണ പോലുമില്ലാതെ ഉമറിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുള്ള കാര്യം അന്ന് ആമുഖത്തില്‍ മംദാനി പറഞ്ഞിരുന്നു. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില്‍ ഡല്‍ഹി കലാപത്തിന് ഉമര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.