മുണ്ടക്കയം – പറത്താനം റോഡില്‍ വെട്ടുകല്ലാംകുഴിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹം; റോഡ് മുറിച്ചുകടന്ന് പുലി പോകുന്നത് കണ്ടതായി ഈരാറ്റുപേട്ട സ്വദേശിയുടെ വെളിപ്പെടുത്തൽ

മുണ്ടക്കയം: മുണ്ടക്കയം – പറത്താനം റോഡില്‍ വെട്ടുകല്ലാംകുഴിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം മുണ്ടക്കയം ഭാഗത്തുനിന്നു ഈരാറ്റുപേട്ടയ്ക്ക് പോയവരാണ് റോഡ് മുറിച്ചുകടന്ന് പുലി പോകുന്നത് കണ്ടതായി വെളിപ്പെടുത്തിയത്. തങ്ങള്‍ പുലിയെ നേരില്‍ കണ്ടുവെന്നും വലിയ പുലിയാണ് സൂക്ഷിക്കണമെന്നും ഈരാറ്റുപേട്ട സ്വദേശി വെട്ടുകല്ലാംകുഴിയിലെ തന്‍റെ സുഹൃത്തിനെ ഫോണ്‍ വിളിച്ചു അറിയിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുണ്ടക്കയം ടൗണില്‍നിന്നു നാല് കിലോമീറ്റർ മാത്രം ദൂരെയുള്ള പ്രദേശമാണിവിടം. ജനനിബിഡമായ മുണ്ടക്കയം ടൗണിന് തൊട്ട് സമീപം വരെ പുലിയെ കണ്ടെന്ന തരത്തിലുള്ള വാർത്ത ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. മുണ്ടക്കയം – പറത്താനം റോഡില്‍ വെട്ടുകല്ലാംകുഴി ഭാഗത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.

പകലും രാത്രിയിലും റോഡിന്‍റെ വശങ്ങളില്‍ കാട്ടുപന്നിയെ കാണാറുണ്ട്. കൂടാതെ കുറുക്കൻ, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും ഇവിടെ അനുഭവപ്പെടുന്നുണ്ട്. മുമ്പ് ഇവിടെ പഞ്ചായത്തംഗത്തിന് കുറുക്കന്‍റെ കടിയേറ്റ സംഭവവുമുണ്ടായിട്ടുണ്ട്. മുണ്ടക്കയം പഞ്ചായത്തിന്‍റെ ഒന്ന്, 21 വാർഡുകളില്‍പ്പെട്ട ഇവിടെ ജനവാസം കുറവുള്ളതും കാടുപിടിച്ചു കിടക്കുന്നതുമായ നിരവധി സ്ഥലങ്ങളുണ്ട്.

ഈ പ്രദേശത്താണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. ഇതിന് സമീപത്ത് വർഷങ്ങള്‍ക്കു മുമ്പ് മുണ്ടക്കയം പഞ്ചായത്തിന്‍റെ മാലിന്യ നിക്ഷേപ കേന്ദ്രവുമുണ്ടായിരുന്നു. നിരവധി റബർ തോട്ടങ്ങള്‍ ടാപ്പിംഗ് നടക്കാതെ കാടുമുടി കിടക്കുന്നതും കാട്ടുപന്നി അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം വർധിക്കുവാൻ കാരണമായിട്ടുണ്ട്.