കുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന് ‘സീറ്റ് വിറ്റു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സജി ജോസഫിൻ്റെ പടിയിറക്കം; സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനം; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് പോരാട്ടം തുടങ്ങാന്‍ വിമതപ്പട; യുഡിഎഫിന് തിരിച്ചടിയോ…!

ആലപ്പുഴ: കുട്ടനാട് നിയമസഭാ സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്നാരോപിച്ച്‌ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച്‌ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു.

സജി ജോസഫിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡിസിസിയില്‍ കൂട്ടരാജിക്ക് വഴിയൊരുങ്ങിയത് ആലപ്പുഴയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി ജോസഫ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച്‌ പരാമര്‍ശിക്കവെ അദ്ദേഹം വികാരാധീനനായി. ജനിച്ച അന്നുമുതല്‍ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കുവേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും സജി ജോസഫ് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായുള്ള പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നത് അങ്ങേയറ്റം വേദനയോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും, കുട്ടനാട്ടിലെ ജനവികാരം നേതൃത്വം മാനിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡലത്തിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും ‘പേയ്മെന്റ് സീറ്റുകള്‍’ ഉണ്ടാവില്ലെന്നും നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ തഴയപ്പെട്ടത് മണ്ണറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കളാണെന്ന് വിമതര്‍ ആരോപിക്കുന്നു.