ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച്‌ അതിന് മീതേ നിക്കര്‍ ധരിക്കും; അർദ്ധ നഗ്നരായി മുഖം മൂടി ധരിച്ച്‌ മാരാകായുധങ്ങളുമായാണ് മോഷണത്തിന് എത്തുന്നത്; കുറുവ മോഷണ സംഘത്തിനെതിരെ ജാഗ്രത; അപരിചിതരെ കണ്ടാല്‍ വിവരം അറിയിക്കണം

ആലപ്പുഴ: തമിഴ്നാട്ടില്‍ ഭീതിവിതച്ച കുറുവ സംഘം കേരളത്തിലെത്തിയെന്ന സൂചനകള്‍ ലഭിച്ചതിനെ തുടർന്ന് ജനങ്ങള്‍ ആശങ്കയില്‍.

പ്രത്യേക പരിശീലനം നേടി മോഷണം തൊഴിലാക്കിയ കുറുവസംഘം, ആലപ്പുഴ മണ്ണഞ്ചേരിയില്‍ എത്തിയെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കി. രാത്രി പട്രോളിങ്ങിന് പുറമെ റസിഡൻറ്സ് അസോസിയേഷനുകളോടും ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. നാട്ടില്‍ അപരിചിതരായ ആളുകളെ കണ്ടാല്‍ ഉടൻ വിവരം അറിയിക്കാനും പൊലീസ് നിർദ്ദേശം നല്‍കി.

മണ്ണാഞ്ചേരി നേതാജി ജംഗ്ഷന് സമീപം മണ്ണേത്ത് രേണുക അശോകന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കുറുവ സംഘം എന്ന് സംശയിക്കുന്നവർ മോഷണത്തിന് ശ്രമിച്ചിരുന്നു. സമീപത്തെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

അർദ്ധ നഗ്നരായി മുഖം മൂടി ധരിച്ച്‌ ഇവർ മാരാകായുധങ്ങളുമായാണ് മോഷണത്തിന് എത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്തു കാണാവുന്ന വിധത്തില്‍ തോർത്ത് തലയില്‍ കെട്ടാറുമുണ്ട്. ഷർട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച്‌ അതിനു മീതേ നിക്കർ ധരിക്കും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാൻ ഇവർ ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും

സാധാരണയായി വീടിന്റെ അടുക്കള വാതില്‍ തകർത്താണ് ഇത്തരം സംഘങ്ങള്‍ അകത്തുകയറുന്നത്. തടുക്കാൻ ശ്രമിക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതും ഇവരുടെ രീതിയാണ്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം പ്രത്യേക കത്രിക ഉപയോഗിച്ചാണ് ഇവർ അറുത്തെടുക്കുന്നത്. ആറ് മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു.