കുമരകത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്‌ പിടിയില്‍

കോട്ടയം: കുമരകത്തും, മറ്റ് പരിസര പ്രദേശങ്ങളിലും വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുമരകം, മേലേക്കര ഭാഗത്ത് മേലേക്കര വീട്ടിൽ അജീഷ് ഗോപി (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ഇവിടെ നിന്നും 216 പാക്കറ്റ് ഹാൻസും, കൂടാതെ മറ്റു നിരോധിത പുകയില ഉൽപ്പന്നമായ കൂൾ ലിപ്പിന്റെ നിരവധി പായ്ക്കറ്റുകളും കണ്ടെടുത്തു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ അന്‍സല്‍ എ.എസ്, എസ്.ഐ ഷാജി, സി.പി.ഓ മാരായ അമ്പാടി, ഷൈജു, സുജിത്ത്, മിനീഷ്, റെജിമോള്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.