‘കെഎസ്‌ആര്‍ടിസി ബസ്സുകളിലെ വിദ്യാര്‍ത്ഥി പാസ്സ് പുതുക്കാനുള്ള ചാര്‍ജ് 10 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കി; പുതിയ നീക്കം വിദ്യാർത്ഥികളോടുള്ള വഞ്ചന’; പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓണ്‍ലൈൻ ചാർജ് 10 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ.

പുതിയ നീക്കം വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ പ്രതികരിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയും 10 രൂപയ്ക്ക് വിദ്യാർത്ഥികള്‍ക്ക് പാസ്സ് ലഭിച്ചിരുന്നു.

പൂർണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചെറിയ തുക നല്‍കിക്കൊണ്ട് വിദ്യാർത്ഥികള്‍ക്ക് ലഭിച്ചിരുന്ന യാത്ര പാസ്സാണ് നിലവില്‍ പതിനൊന്നിരട്ടി ചാർജ് വർധിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള നീതികേടാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്‍റും വിമർശിച്ചു.

ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളാണ് കേരളത്തിലെ സ്കൂളുകളില്‍ പോകാൻ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത്. ചെറിയ തുകയ്ക്ക് വിദ്യാർത്ഥി പാസ്സ് നല്‍കികൊണ്ട് അവരുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത്.

എന്നാല്‍ വിദ്യാർത്ഥി പാസ്സിനുള്ള ചാർജ് കുത്തനെ വർധിപ്പിച്ചത് അവരുടെ അവകാശത്തെ റദ്ദ് ചെയ്യുന്ന നടപടിയാണ്. വഞ്ചനപരമായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരും.

വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓണ്‍ലൈൻ ചാർജ് കുത്തനെ ഉയർത്തിയ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തില്‍ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധം തീർക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും അറിയിച്ചു.