പത്തനംതിട്ടയില്‍ കെഎസ്ഇബി ലൈനില്‍ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉള്‍പ്പെടെയുള്ള മരങ്ങള്‍ നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി ജോസഫ്.
ഉദ്യോഗസ്ഥലത്തില്‍ വിശദീകരണം തേടി. അനാവശ്യ തലത്തിലുള്ള ഇടപെടലുണ്ടായോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനും മന്ത്രി നിർദ്ദേശം നല്കി.
പത്തനംതിട്ട തിരുവല്ലയില്‍ കെഎസ്ഇബിയുടെ ടച്ച് വെട്ടാണ് അല്പം കടന്നുപോയത്. വൈദ്യുത ലൈനുകള്‍ക്ക് യാതൊരു തരത്തിലും ഭീഷണി ആവാത്ത തെങ്ങ് റബർ അടക്കമുള്ള മരങ്ങള്‍ കെഎസ്ഇബി വെട്ടിക്കളഞ്ഞു. സ്ഥലത്തിൻ്റെ ഉടമസ്ഥരെ പോലും അറിയിക്കാതെയായിരുന്നു കെഎസ്ഇബിയുടെ ഈ നടപടി. തിരുവല്ല കവിയൂരില്‍ ഡോക്ടറായ ജേക്കബ് ഉമ്മന്റെ ആറുവർഷം പ്രായമായ ഏഴ് ഹൈബ്രിഡ് തെങ്ങുകള്‍ കെഎസ്ഇബി വെട്ടിമാറ്റി. വീട്ടില്‍ ജോലിക്കാരൻ മാത്രമുള്ള സമയത്തായിരുന്നു മരം മുറി.
കവിയൂരില്‍ നിന്ന് അധികം അകലത്തല്ലാത്ത ആഞ്ഞിലിത്താനത്തില് കെഎസ്ഇബി മരങ്ങള്‍ക്കു നേരെ വാളുമായി എത്തി. ടാപ്പ് ചെയ്തിരുന്നു 16 റബർ മരങ്ങളാണ് ഇവിടെ വെട്ടി മാറ്റിയത്. മറ്റെന്തെങ്കിലും താല്പര്യം കൊണ്ടാണോ കെഎസ്ഇബി വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റിയതെന്ന സംശയവും സ്ഥലം ഉടമകള്‍ക്കുണ്ട്. പുല്ലാട് സ്വദേശി തോമസിന്റെ പറമ്പിലെ റബർ മരങ്ങളും കെഎസ്ഇബി മുറിച്ചു. ദുരന്തനിവാരണ ഉത്തരവിന്റെ പിൻബലത്തിലാണ് കെഎസ്ഇബിയുടെ നടപടികളെല്ലാം.
