സ്ത്രീ സൗജന്യ യാത്രയ്ക്ക് കൂടുതല്‍ ബസുകള്‍ വേണം; സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യ യാത്രാപദ്ധതി പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാനൊരുങ്ങി കെഎസ്‌ആർടിസി.

യാത്രാപദ്ധതി തുടങ്ങുമ്പോള്‍ കൂടുതല്‍ ബസുകള്‍ വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ. ഇതിനൊപ്പം പരസ്യ വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളും കെഎസ്‌ആർടിസി സജീവമാക്കുന്നുണ്ട്.

 

നിലവില്‍ പ്രതിദിനം 10 മുതല്‍ 12 ലക്ഷം വരെ സ്ത്രീകളാണ് യാത്രാവശ്യങ്ങള്‍ക്കായി കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നത്. സൗജന്യ യാത്രാപദ്ധതി വരുന്നതോടെ ഈ കണക്ക് ഇനിയും കുതിച്ചുയരും.

എന്നാല്‍, കോർപ്പറേഷന്റെ പക്കല്‍ ആകെ 5772 ബസുകള്‍ മാത്രമാണുള്ളത്. ഇതില്‍ 700 എണ്ണം അറ്റകുറ്റപ്പണികള്‍ക്കായി വർക്ക് ഷോപ്പുകളിലാണ്. ഫലത്തില്‍ 5000 ബസുകള്‍ മാത്രമാണ് ഇപ്പോള്‍ നിരത്തിലുള്ളത്.

മലബാർ മേഖലയില്‍ ഓർഡിനറി ബസുകള്‍ കുറവായതിനാല്‍ സൗജന്യ യാത്രാപദ്ധതി പൂർണമായി ഗുണം ചെയ്യില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് കുറഞ്ഞത് 500 സ്വകാര്യ ബസുകളെങ്കിലും വാടകയ്ക്കെടുക്കാൻ ആലോചിക്കുന്നത്.