ചങ്ങനാശേരി പുതിയ കെഎസ്ആർടിസി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു; ഇന്നലെ മുതൽ സ്‌റ്റാൻഡ് അടച്ചു പൂട്ടി; നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത് പെരുന്ന രണ്ടാം നമ്പർ ബസ് സ്‌റ്റാൻഡിൽ നിന്ന്

ചങ്ങനാശേരി: പുതിയ കെഎസ്ആർടിസി ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി സ്‌റ്റാൻഡ് ഇന്നലെ മുതൽ അടച്ചു പൂട്ടി. പകരം ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തോടു വലിയ പരാതികളില്ലാതെ സഹകരിച്ച് ജനം.

പെരുന്ന രണ്ടാം നമ്പർ ബസ് സ്‌റ്റാൻഡിൽ നിന്നാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ സർവീസുകൾ നടത്തുന്നത്. സ്‌റ്റേഷൻ മാസ്‌റ്ററുടെ റൂമും അന്വേഷണങ്ങളുടെ കൗണ്ടറും പെരുന്ന സ്‌റ്റാൻഡിൽ ആരംഭിച്ചു. ഇന്നലെ രാവിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണു സ്റ്റാൻഡ് അടയ്ക്കുന്ന ജോലികൾ ആരംഭിച്ചത്.

തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ നഗരസഭാ കാര്യാലയത്തിനു സമീപം ആളുകളെ കയറ്റിയിറക്കിയാണു കടന്നു പോകുന്നത്. ടാക്‌സി സ്‌റ്റാൻഡിന്റെ ഒരു ഭാഗത്ത് ഇതിനായി സൗകര്യം ഏർപ്പെടുത്തി. കോട്ടയം, കറുകച്ചാൽ ഭാഗത്തേക്കുള്ള ബസുകൾ നിലവിലെ സ്‌റ്റാൻഡിനു മുൻപിൽ ആളുകളെ കയറ്റി ഇറക്കി പോകുന്നു.

ആലപ്പുഴ ഭാഗത്ത് നിന്ന് ചങ്ങനാശേരിയിലേക്കുള്ള ബസുകൾ പെരുന്ന സ്‌റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു. ബസുകളുടെ സമയ ക്രമീകരണങ്ങൾ വിലയിരുത്താനും പരിശോധനയ്ക്കുമായി രണ്ട് ഓൺ ഡ്യൂട്ടി ജീവനക്കാരെ നഗരസഭ കാര്യാലയത്തിനു സമീപം, പെരുന്ന സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ കെഎസ്ആർടിസി നിയോഗിച്ചിട്ടുണ്ട്.

നിർമാണം ആദ്യഘട്ടം ഇങ്ങനെ

കെഎസ്ആർടിസി സ്‌റ്റാൻഡ് റോഡ് നിരപ്പിലേക്കു താഴ്ത്തുന്ന ജോലികളാണ് ആദ്യം തുടങ്ങുന്നത്. ഇതിനായി നിലവിലെ കോൺക്രീറ്റ് തറ പൊളിക്കും. ഇപ്പോൾ റോഡിൽ നിന്നു കയറ്റം കയറിയാണ് ബസ് സ്‌റ്റാൻഡിലേക്ക് എത്തേണ്ടത്. ഇത് പൂർണമായും ഒഴിവാക്കും. റോഡിന് സമാന്തരമായി പുതിയ ടെർമിനൽ നിർമിക്കാനാണു പദ്ധതി.

പൊളിക്കേണ്ട ഭാഗങ്ങളിലെ മാർക്കിങ്ങുകൾ പൂർത്തിയായി. സ്‌റ്റാൻഡിലെ ഡീസൽ പമ്പ് ഉപയോഗിക്കാനും ഗാരജിലേക്കും പോകാനുമായി ബസുകൾക്ക് വേണ്ടി ഒരു ഭാഗം ഒഴിവാക്കിയാണ് സ്‌റ്റാൻഡ് അടച്ചു പൂട്ടിയിരിക്കുന്നത്.